ബർലിൻ : യുഎസ്–ഇസ്രയേൽ–ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ എണ്ണവില വർധനയ്ക്കിടെ വാഹന ഉടമകൾക്ക് ആശ്വാസമായി ജർമനിയിൽ വീണ്ടും ഇന്ധന നികുതിയിളവ്. ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന ഇളവിലൂടെ പെട്രോളിനും ഡീസലിനും ലിറ്ററിന് ഏകദേശം 16.7 സെന്റ് വീതം നികുതി കുറയും.
കഞ്ഞ സെപ്റ്റംബറിൽ ജർമനിയിലെ ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു. ജനറൽ ജർമൻ ഓട്ടമൊബീൽ ക്ലബിന്റെ കണക്കുകൾ പ്രകാരം, സെപ്റ്റംബറിൽ E10 പെട്രോളിന്റെ ശരാശരി വില ലിറ്ററിന് 2.27 യൂറോയും ഡീസലിന്റെ വില 2.38 മുതൽ 2.39 യൂറോ വരെയുമായിരുന്നു. നിലവിലെ നിരക്കുകൾ അടിസ്ഥാനമാക്കി നോക്കുമ്പോൾ നികുതിയിളവ് പ്രാബല്യത്തിൽ വരുന്നതോടെ പെട്രോൾ വില ലിറ്ററിന് 2.11 യൂറോയിലേക്കും ഡീസൽ വില 2.26 യൂറോയിലേക്കും താഴ്ന്നേക്കും.
എന്നാൽ, വില രണ്ട് യൂറോയിൽ താഴെയെത്തിക്കാൻ ഈ ഇളവ് പര്യാപ്തമല്ല.വാഹനം എത്ര ദൂരം ഓടിക്കുന്നു, വാഹനത്തിന്റെ ഇന്ധനക്ഷമത എത്രയാണ്, എണ്ണക്കമ്പനികൾ നികുതിയിളവിന്റെ മുഴുവൻ ആനുകൂല്യവും ഉപഭോക്താക്കൾക്ക് കൈമാറുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചായിരിക്കും യഥാർഥ ലാഭം. ജർമൻ പ്രസ് ഏജൻസി പുറത്തുവിട്ട കണക്കുകൾ പ്രകാരം, പ്രതിവർഷം 15,000 കിലോമീറ്റർ സഞ്ചരിക്കുകയും 100 കിലോമീറ്ററിന് ഏഴ് ലിറ്റർ ഇന്ധനം ഉപയോഗിക്കുകയും ചെയ്യുന്ന സാധാരണ ഡീസൽ കാർ ഉടമയ്ക്ക് അടുത്ത മൂന്ന് മാസത്തിനിടെ ഏകദേശം 44 യൂറോ ലാഭിക്കാനാകും.
അതേസമയം, പ്രതിവർഷം 9,000 കിലോമീറ്റർ സഞ്ചരിക്കുകയും 100 കിലോമീറ്ററിന് എട്ട് ലിറ്റർ മൈലേജുള്ള പെട്രോൾ വാഹനം ഉപയോഗിക്കുകയും ചെയ്യുന്നവർക്ക് മൂന്ന് മാസത്തിനിടെ ഏകദേശം 30 യൂറോ വരെ ലാഭിക്കാനാകും. എന്നാൽ, സർക്കാർ നൽകുന്ന 16.7 സെന്റിന്റെ മുഴുവൻ ഇളവും എണ്ണക്കമ്പനികൾ ഉപഭോക്താക്കൾക്ക് കൈമാറിയാൽ മാത്രമേ ഈ തുകയിൽ എത്താനാകൂ. ഈ വർഷം മെയ്–ജൂൺ മാസങ്ങളിൽ ഏർപ്പെടുത്തിയ നികുതിയിളവിന്റെ സമയത്ത് മുഴുവൻ ആനുകൂല്യവും ഉപഭോക്താക്കളിലേക്ക് എത്തിയിരുന്നില്ലെന്ന് പഠനങ്ങൾ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഏഴ് മാസമായി തുടരുന്ന സംഘർഷാവസ്ഥയെ തുടർന്ന് ജർമനിയിലെ പെട്രോൾ വിലയിൽ ലിറ്ററിന് ശരാശരി 29 സെന്റും ഡീസലിന് 38 സെന്റും വർധിച്ചിരുന്നു. ഇതുമൂലം സാധാരണ പെട്രോൾ കാർ ഉടമയ്ക്ക് ഇക്കാലയളവിൽ ശരാശരി 122 യൂറോയുടെ അധിക ചെലവുണ്ടായി. പ്രതിദിനം ശരാശരി 60 സെന്റിന്റെ അധിക ബാധ്യതയാണിത്. ഡീസൽ കാർ ഉപയോഗിക്കുന്നവർക്ക് ഇതേ കാലയളവിൽ ഏകദേശം 233 യൂറോയുടെ അധിക ബാധ്യതയാണ് ഉണ്ടായത്. പ്രതിദിനം ഒരു യൂറോയിലധികം അധിക ചെലവാണ് ഡീസൽ വാഹന ഉടമകൾക്ക് നേരിടേണ്ടിവന്നത്.
ഇന്ധന നികുതി കുറയ്ക്കുന്നതിലൂടെ ഖജനാവിന് ഏകദേശം 2.485 ബില്യൻ യൂറോയുടെ (2.5 ബില്യൻ യൂറോ) നികുതി നഷ്ടമുണ്ടാകുമെന്നാണ് ഫെഡറൽ സർക്കാർ കണക്കാക്കുന്നത്. ഈ ബാധ്യത കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പകുതി വീതം വഹിക്കും.ട്രെയിൻ ടിക്കറ്റുകൾക്ക് സബ്സിഡി നൽകാതെ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന സ്വകാര്യ കാറുകൾക്ക് പൊതുഖജനാവിൽനിന്ന് കോടിക്കണക്കിന് യൂറോയുടെ സബ്സിഡി നൽകുന്നതിനെതിരെ ഗ്രീൻപീസ് ഉൾപ്പെടെയുള്ള പരിസ്ഥിതി സംഘടനകൾ കടുത്ത എതിർപ്പ് അറിയിച്ചു. നിത്യേന ജോലിസ്ഥലങ്ങളിലേക്ക് സ്വന്തം കാറുകളിൽ യാത്ര ചെയ്യുന്ന ആയിരക്കണക്കിന് പേർക്ക് പുതിയ നികുതിയിളവ് ഇന്ധനച്ചെലവിൽ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.